23 December, 2012

എം ടി - രണ്ടാമൂഴം

എല്ലാവരും വളരെ നല്ലത് എന്നു പറയുന്ന പുസ്തകങ്ങള്‍ ഞാന്‍ പരമാവധി ഒഴിവാക്കാറുണ്ട്. എനിക്ക് മനസ്സിലാവാത്ത എന്തെങ്കിലും കാരണം കൊണ്ടാകും അവ നന്നാവാറു എന്നത് തന്നെ കാരണം. രണ്ടാമൂഴം എന്റെ ശേഖരത്തിന് മുതല്‍ക്കൂട്ടാവട്ടെ എന്ന് കരുതിയാണ് വാങ്ങാന്‍ അച്ഛനോട് പറഞ്ഞതും. ആദ്യത്തെ അദ്ധ്യായം വായിച്ചപ്പോള്‍ ഇത് ഭംഗിക്ക്‌ വക്കാന്‍ ഉള്ളത് തന്നെ എന്ന് തീര്‍ച്ചപ്പെടുത്തി ഞാന്‍! പക്ഷെ, രണ്ടാമത്തെ അദ്ധ്യായം വായിച്ചു തുടങ്ങിയപ്പോള്‍ ഒന്നെനിക്ക് മനസ്സിലായി, ഇത് വായിക്കാതെ കീഴെ വക്കാന്‍ ആവില്ല!!! മാത്രമല്ല, ഈ കഥ ഇതില്‍ കൂടുതല്‍ ലളിതമായി പറയാനും ആവില്ല!

ചെറുപ്പത്തിലേ ഒരിക്കലും ഒന്നാമന്‍ ആകരുത് ആ സ്ഥാനം ജ്യേഷ്ടന് മാറ്റി വച്ചിട്ടുള്ളതാണ്‌ എന്ന അറിവോടെ തന്നെ വളരുന്നു ഭീമന്‍. സ്വയം എടുത്തണിഞ്ഞ മന്ദന്‍ പരിവേഷം. കഴിവുണ്ടെങ്കിലും, മറ്റുള്ളവരേക്കാള്‍ ഏറെ ഉണ്ടെങ്കില്‍  തന്നെയും , തേരോട്ടത്തിലോ അസ്ത്രവിദ്യയിലോ ഒന്നും ശോഭിക്കാന്‍ ഇടം കൊടുക്കാത്ത, അതില്‍ പരിശീലിപ്പിക്കാത്ത ഗുരു. തടിയന്‍ മന്ദന്‍ ഗദ പഠിച്ചാല്‍ മതി... ആരോടും പരിഭവം പറയാതെ ആ വേഷം ഏറ്റെടുക്കുന്നു ഭീമന്‍... ആദ്യത്തെ പെണ്ണനുഭവം പോലും സ്വന്തം അപകര്‍ഷതാബോധം ഊട്ടി വളര്‍ത്തിയതതല്ലേ ഉള്ളൂ.... ഒരു മൂലയിലേക്ക് ഒതുക്കി നിര്‍ത്തപ്പെട്ടവന് ഇതിലും കൂടുതല്‍ എങ്ങിനെ വ്യക്തിത്വം കൊടുക്കാന്‍ പറ്റും... നമിച്ചിരിക്കുന്നു എം ടിയുടെ എഴുത്തിനെ.... ഞാന്‍ മാറ്റി വക്കാന്‍ ആലോചിച്ച പുസ്തകം ആണേ ഇതു.....

സ്വന്തം പെണ്ണുങ്ങളെയും മക്കളെയും വെറും യുദ്ധത്തിനും ആപത്തിലും വേണ്ടുന്ന ഉപകരണങ്ങള്‍ മാത്രം ആകുമ്പോഴും, സ്വന്തം ചോര മരിച്ചു വീഴുമ്പോള്‍ ആഘോഷിക്കുന്ന സഹോദരങ്ങള്‍ക്കിടയില്‍ സ്വന്തം വിചാരങ്ങളേയും വികാരങ്ങളേയും അടക്കി നിര്‍ത്തുന്ന മന്ദന്‍....  ദ്രൗപദിയുടെ ഭര്‍ത്താവാകുമ്പോഴും അവളെ ശരിക്കും മനസ്സിലാകാതെ പകച്ചു നില്‍ക്കുന്നു അദ്ദേഹം. അതിനിടെ ഏച്ചുകെട്ടലുകാരെ എം ടി കളിയാക്കുന്നു, ഇല്ലാത്ത ഹനുമാന്‍ കഥ സൌഗന്ധികം തേടലില്‍ തുന്നിപ്പിടിപ്പിച്ചതിനു :) 

അങ്ങിനെ നോക്കുമ്പോള്‍ ഇതിലെ കൃഷ്ണനെ പറയാതിരിക്കാന്‍ ആവില്ല. മായക്കണ്ണനെ ഇതില്‍ കാണാന്‍ കിട്ടില്ല. ഒരു സൂത്രശാലിയായ നയതന്ത്രന്ജന്‍ ആണെങ്കിലും ഒരിക്കലും അമാനുഷികന്‍ അല്ല എം ടിയുടെ കൃഷണന്‍. മാത്രമല്ല മരണം എന്നത് ആതമാവിന്റെ വസ്ത്രം മാറല്‍ ആണെന്ന് പഠിപ്പിച്ചവന്‍ അഭിമന്യുവിന്‍റെ മരണത്തെ അങ്ങിനെ കാണാതിരിക്കാന്‍ പ്രയാസപ്പെടുന്നതിനെ ഭീമന്‍റെ കണ്ണിലൂടെ പരിഹസിക്കുന്നുമുണ്ട്...

തനിക്കു വന്നു ചേര്‍ന്ന രാജ്യഭരണഭാഗ്യമോ, വാനപ്രസ്ഥത്തിലെ സ്വര്‍ഗമോ ഒന്നും അവനെ മോഹിപ്പിച്ചില്ല. സ്വന്തം ജീവിതത്തെ ജ്യേഷ്ഠന്‍റെയും അമ്മയുടെയും ദ്രൗപദിയുടേയും മോഹങ്ങള്‍ക്ക് തീറെഴുതി നല്‍കിയല്ലോ അദ്ദേഹം...

എം ടിയുടെ എഴുത്ത് പോലെ തന്നെ നമ്മെ പിടിച്ചിരുത്തുന്നതാണ് ഇതിനു വേണ്ടി നമ്പൂതിരി 'കോറിയിട്ട' ചിത്രങ്ങള്‍. വളരെ അലക്ഷ്യമായി എന്നും സൂക്ഷ്മതയോടെ എന്നും ഒരേ സമയം തോന്നിക്കുന്ന പടങ്ങള്‍.... എം ടിയുടെ ഭാഷ പോലെ ;) 

രണ്ടാമൂഴം ആളുകള്‍ക്ക് ഇത്രക്കും ഇഷ്ടപ്പെടാന്‍ കാരണം എന്താകും... ചിലപ്പോള്‍ എല്ലാവരുടേയും ഉള്ളില്‍ ഒരു ഭീമന്‍ ഉണ്ടായിരിക്കാം... മന്ദന്‍ എന്ന് വിളിച്ചു, കഴിവുകളെ കണ്ടില്ല എന്ന് നടിച്ചു, എന്നും ഒരു ഓരത്തേക്ക് മറ്റുള്ളവരാല്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഭീമന്‍....


വാല്‍ക്കഷണം :   ഞാന്‍ നാട്ടില്‍ നിന്നും തിരിച്ചു വരുമ്പോള്‍ ട്രെയിനില്‍ രണ്ടാമൂഴം  വായിച്ചിരിക്കുകയായിരുന്നു. എന്‍റെ സഹയാത്രികന്‍ എന്നോട് ഇതിത്തിരി കട്ടി പുസ്തകമല്ലേ, എന്നെ കൊണ്ടു പറ്റിയില്ല ഒന്നാമത്തെ അദ്ധ്യായത്തില്‍ കൂടുതല്‍ വായിക്കാന്‍ എന്ന് പറഞ്ഞു. അവനോടു, എനിക്കും ആ തെറ്റ് പറ്റിയേനെ, പക്ഷെ എന്തോ അവിടെ വച്ചു നിര്‍ത്തിയില്ല, എങ്കില്‍ ഒരു വലിയ വായനാനുഭവം നഷ്ടമായേനെ എന്നു  പറയുമ്പോള്‍ എം ടിയെ മനസ്സു കൊണ്ടു വണങ്ങുകയായിരുന്നു, വായനക്കാരെ അത്ര അനായാസേനെ സ്വന്തം ക്രാഫ്റ്റ് അനുഭവിക്കണ്ടാ എന്നു മനോഹരമായി കളിപ്പിച്ചതിനു...

5 comments:

 1. വായനയെ പ്രോത്സാഹിപ്പിക്കാന്‍ ഈ വിലയിരുത്തല്‍ ഉപകരിക്കുന്നതുതന്നെ., അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. നന്ദി Abduljaleel (A J Farooqi). ഇത്രയും നല്ല പുസ്തകങ്ങള്‍ മലയാളത്തില്‍ ഉള്ളപ്പോള്‍ വായിക്കാതെ വിടാന്‍ പാടില്ലല്ലോ... അമിഷിന്റെ Shiv Triologyയെ വളരെ വ്യത്യസ്തം എന്ന് പുകഴ്ത്തുന്നവര്‍ ഇത് കണ്ടിട്ടുണ്ടാകുമോ എന്തോ...

   Delete
 2. A nice review..... Thanks for recommending this book....😊

  ReplyDelete
 3. Nice Review....will surly pick out this :)
  Thanks

  ReplyDelete

What is your opinion about this book...